ലഗ്നസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?

    ഓജം, യുഗ്മം, ചരം, സ്ഥിരം, ഉഭയം, വിഷമം (ക്രൂരം), സൗമ്യം  രാശികള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെകൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

ലഗ്നസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?
      ഉദയം മുതല്‍ 15 നാഴികയ്ക്കകമാണ് ജനനമെങ്കില്‍ ആ ജനനനാഴികയും വിനാഴികയും വെച്ച് അതില്‍ നിന്ന് ഉദയാല്‍പരം കളഞ്ഞ് --- ശേഷം അടുത്ത രാശി മുതല്‍ കളയാവുന്ന രാശി നാഴികകള്‍ കളഞ്ഞ് --- പൂര്‍ണ്ണമായും നാഴിക വിനാഴികകള്‍ പോകാത്ത രാശിയേതോ അതാണ്‌ ആ സമയത്ത് ഉദിച്ച രാശിയെന്നും, ആ രാശിയിലാണ് ജനിച്ച ശിശുവിന്റെ "ജാതകലഗ്നമെന്നും" അറിയണം .

   ഓരോ ദിവസത്തെ ഉദയാല്‍പരവും അസ്തമനാല്‍പരവും പഞ്ചാംഗത്തില്‍ കൊടുത്തിട്ടുണ്ട്. പഞ്ചാഗം നോക്കി മനസ്സിലാക്കുക. 

അല്ലെങ്കില്‍ 



     ഉദയാല്‍പരം മുതല്‍ പോയി കഴിഞ്ഞതില്‍ ശിഷ്ടമുള്ള നാഴികകള്‍ ആ ലഗ്നരാശിയില്‍ ആ ജനനസമയത്തിന് ഉദിച്ചുകഴിഞ്ഞ നാഴിക വിനാഴികകളാണ്. ആ ലഗ്നരാശി പ്രമാണ നാഴികകള്‍ വെച്ച് ഉദിച്ചുകഴിഞ്ഞ നാഴിക വിനാഴികകള്‍ കളഞ്ഞാല്‍ കിട്ടുന്ന നാഴിക വിനാഴികകള്‍ ലഗ്നരാശിയില്‍ ഉദിക്കാന്‍ ബാക്കിയുള്ളവയാണെന്നും അറിയണം. ആ രാശിയില്‍ ചെന്ന നാഴിക വിനാഴികകള്‍കൊണ്ടാണ് --- ഉദിച്ചുകഴിഞ്ഞ നാഴിക വിനാഴികകള്‍കൊണ്ടാണ് --- ലഗ്നം ഗണിക്കേണ്ടത്. 

   ഉദയാല്‍പരവും ശിഷ്ട രാശി നാഴികകളും പൂര്‍ണ്ണമായി പോയിക്കഴിഞ്ഞതില്‍ ശേഷിച്ച നാഴികയെ അതായത് ലഗ്നരാശിയില്‍ ചെന്ന നാഴികയെ 60 ല്‍ പെരുക്കി വിനാഴികയാക്കി, അതില്‍ വിനാഴിക ചേര്‍ത്ത് 30 ല്‍ പെരുക്കി ലഗ്നരാശി ഹാരകംകൊണ്ട് ഹരിച്ച്‌ കിട്ടുന്ന ഫലം തിയ്യതിയും (ദിവസം), ശിഷ്ടത്തെ 60 ല്‍ പെരുക്കി ലഗ്നരാശി ഹാരകംകൊണ്ട് ഹരിച്ച്‌ കിട്ടുന്ന ഫലം നാഴികയുമായി സ്വീകരിച്ച് അതിന്റെ മേലെ രാശിസ്ഥാനത്ത് മേടം മുതല്‍ ലഗ്നരാശിവരെ കഴിഞ്ഞുപോയ രാശികളുടെ സംഖ്യ (ലഗ്നരാശി സംഖ്യ കൂടാതെ) വെച്ചാല്‍ അത് ലഗ്നസ്ഫുടമായി. 

    ലഗ്നം സൂക്ഷ്മപ്പെടുത്തുമ്പോള്‍ പുരുഷജാതകലഗ്നമാണെങ്കില്‍ ലഗ്നനവാംശകം, ദ്വാദശാംശകം ഇവ രണ്ടും ഓജ രാശിയില്‍ വരണമെന്ന് നിര്‍ബന്ധമാണ്‌. ദ്വാദശാംശകം ഓജവും മനുഷ്യരാശിയുമായിവരുവാന്‍ ചില ജാതകങ്ങളില്‍ അല്പം പ്രയാസം അനുഭവപ്പെട്ടെന്നുവരാം. അത്തരം സന്ദര്‍ഭങ്ങളില്‍ നവാംശകം ഓജ രാശിതന്നെയാവണമെന്നു നിര്‍ബന്ധമാണ്‌. ജനന സമയം കൃത്യമായി ലഭിച്ചാല്‍ അംശകവും, ദ്വാദശാംശകവും ഗണിതത്തില്‍ കൃത്യമായിതന്നെ ലഭിക്കും. നവാംശക ദ്വാദശാംശകങ്ങള്‍ കൃത്യപ്പെടുത്തുവാന്‍ ജനനസമയത്തില്‍ അല്പം വിനാഴികകളുടെ ഏറ്റക്കുറവുകള്‍ ചെയ്യുന്നത് അനുവദനീയമാണ്. ഭൂസ്പര്‍ശസമയം കൃത്യമായി ആരും നോക്കാറില്ല. അതുകൊണ്ടാണ് മാറ്റം അനുവദനീയമാകുന്നത്. 

    സ്ത്രീജാതകത്തില്‍ യുഗ്മാരാശിയില്‍ നാവാംശകം വരണം. അതും ചിലതില്‍ സമയത്തില്‍ ഭേദഗതി വരുത്തി ശരിപ്പെടുത്തിയെടുക്കേണ്ടിവരും. ജനനസമയം കുറിക്കുമ്പോള്‍ ഉണ്ടാകുന്ന അജ്ഞത --- ജ്യോതിശാസ്ത്രത്തെ അറിയുന്നവരല്ലല്ലോ സമയ നിര്‍ണ്ണയം നടത്തുന്നത് ----- ഗണിതംകൊണ്ട് അറിയാന്‍ കഴിയും. അപ്പോള്‍ അത് ശരിപ്പെടുത്തിയെടുക്കേണ്ടത് ജ്യോതിശാസ്ത്രജ്ഞന്റെ കടമയാണ്.

(അംശകങ്ങളെ കുറിച്ച് പിന്നീട് വിശദമായി പറയുന്നതായിരിക്കും)

ഉദാഹരണം :-
    1152 വൃശ്ചികം ആറാം (6)  തിയ്യതി  12 നാഴിക 47 വിനാഴിക പുലര്‍ന്ന സമയത്തേക്ക് 4 നാഴിക 45 വിനാഴികയാണ് ഉദയാല്‍പരം. 

   12 നാഴിക 47 വിനാഴികയില്‍ നിന്ന് ഉദയാല്‍പരം  4 നാഴിക 45 വിനാഴിക കളഞ്ഞാല്‍ ശിഷ്ടം 8 നാഴിക 2 വിനാഴിക ഉണ്ടാകും.

12 - 47
  4 - 45
  8 - 02  =    8 നാഴിക 2 വിനാഴിക.

  8 നാഴിക 2 വിനാഴികയില്‍ നിന്ന് വൃശ്ചികം രാശിയുടെ രണ്ടാമത്തെ രാശിയായ ധനുരാശി നാഴിക  5 നാഴിക 23 വിനാഴിക കളയണം. അത് കളഞ്ഞാല്‍ ശിഷ്ടം  2 നാഴിക 39 വിനാഴിക ഉണ്ടാകും.


8 - 02
5 - 23
2 - 39  =  2 നാഴിക 39 വിനാഴിക

  2 നാഴിക 39 വിനാഴികയില്‍ നിന്ന് മകരം രാശി നാഴികയായ 4 നാഴിക 51 വിനാഴിക കുറയ്ക്കുവാന്‍ സാധിക്കാത്തതുകൊണ്ട്  ആ സമയത്തിന് മകരം രാശിയാണ് ലഗ്നം.

   മകരം രാശിയില്‍ 2 നാഴിക 39 വിനാഴിക ഉദിച്ചുകഴിഞ്ഞപ്പോഴാണ് ശിശു കുട്ടിജനിച്ചത് എന്ന് മനസ്സിലാക്കണം. 

   2 നാഴിക 39 വിനാഴിക ഉദിച്ചുകഴിഞ്ഞതിലെ, 2 നാഴികയെ 60 വിനാഴികയില്‍ പെരുക്കി 39 വിനാഴിക കൂട്ടിയാല്‍ (2 നാഴിക x 60 വിനാഴിക = 120 വിനാഴിക,  120 വിനാഴിക + 39 വിനാഴിക = 159) 159 വിനാഴിക കിട്ടും. [2 നാഴിക 39 വിനാഴികയെ വിനാഴികയാക്കുകയാണ് ചെയ്തത്].

  159 നെ 30 തിയ്യതി കൊണ്ട് പെരുക്കണം 159 x 30 = 4770. ഈ സംഖ്യയെ മകരം രാശി ഹാരകമായ 291 കൊണ്ട് ഹരിക്കണം. 4770 ÷ 291 = ഹരണഫലം 16. ശിഷ്ടം 114.


ഹരണഫലം സംഖ്യയായ 16 മകരം ലഗ്നത്തില്‍ ജനനസമയത്തിനുചെന്ന തിയ്യതിയാണ്.

ശിഷ്ടമായ 114 എന്ന സംഖ്യയെ 60 ല്‍ പെരുക്കണം. 114 x 60 = 6840

6840 നെ മകരം രാശിയുടെ ഹാരകസംഖ്യായ 291 കൊണ്ട് ഹരിക്കണം.

6840 ÷ 291 = ഹരണഫലം 23., ശിഷ്ടം 147

    മകരം രാശിയുടെ ഹാരകസംഖ്യായ 291 ന്റെ പകുതിയിലധികം ശിഷ്ടത്തില്‍ വരുകയാല്‍ ഹരണഫലത്തില്‍ 1 നാഴികകൂടി കൂട്ടണം. അപ്പോള്‍ ലഗ്നസ്ഫുടത്തില്‍ ചെന്ന തിയ്യതി 16.;  24 നാഴിക. 

     ഇതിന്റെ രാശിസംഖ്യ മേടം മുതല്‍ മകരം വരെ എണ്ണിയാല്‍ കിട്ടുന്ന 9 രാശിസ്ഥാനത്ത് കൂട്ടിയാല്‍ ലഗ്നസ്ഫുടം 9 - 16 - 24 എന്ന് സൂക്ഷ്മമായി കിട്ടും.

   മേടം മുതല്‍ ധനുവരെയുള്ള രാശികള്‍ ഉദിച്ച് അസ്തമിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഉദിച്ച് നില്‍ക്കുന്നത് മകരം രാശി സമയമാണ്. അതുകൊണ്ടാണ് ലഗ്നസ്ഫുടത്തില്‍ മേടം മുതല്‍ ധനുവരെ എണ്ണിയാല്‍ കിട്ടുന്ന രാശിസംഖ്യയായ 9 ലഗ്നസ്ഫുടത്തില്‍ എഴുതിയിരിക്കുന്നത്.
ഉദയാല്‍ പൂര്‍വ്വലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ്‌ തുടര്‍ന്നു വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.