ലഗ്നഫലങ്ങള്‍

   ജാതകത്തില്‍ മേടം മുതല്‍ പന്ത്രണ്ട്‌ രാശികളില്‍ ലഗ്നം (ല) വന്നാലുള്ള ഫലങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഓരോരുത്തരുടെ ജാതകത്തില്‍ ലഗ്നം ഏതുരാശിയിലാണോ നില്‍ക്കുന്നത് ആ ലഗ്നരാശിയുടെ ഫലങ്ങള്‍ അനുഭവത്തില്‍ വരും അവ താഴെ കൊടുത്തിരിക്കുന്നു. ജാതകത്തില്‍ ലഗ്നരാശിക്കും ലഗ്നരാശ്യാധിപനായ ഗ്രഹത്തിനും ബലമുണ്ടെങ്കില്‍ മാത്രമേ താഴെപറയുന്ന ഫലങ്ങള്‍ പൂര്‍ണ്ണമായും അനുഭവത്തില്‍ വരുകയുള്ളു.

മേടലഗ്നഫലം :-
   മേടലഗ്നത്തില്‍ ജനിക്കുന്നവര്‍, ബന്ധുക്കളെ ദ്വേഷിക്കുന്നവനായും സഞ്ചാരപ്രീയനായും, കൃശമായ ശരീരത്തോടുകൂടിയവനായും കോപവും അഭിമാനവും വിവാദങ്ങളില്‍ പ്രിയവും ശുഭത്വവും ഉള്ളവനായും ബലം കുറഞ്ഞ മുട്ടുകളോടുകൂടിയവനായും അസ്ഥിരമായ ധനത്തോടുകൂടിയവനായും കാമിയായും സ്ത്രീകള്‍ക്ക് പ്രിയനായും വൃത്തവും താമ്രനിറവുമുള്ള കണ്ണുകളോടുകൂടിയവനായും അസത്യത്തില്‍ തല്‍പരനായും വെള്ളത്തില്‍ ഭയമുള്ളവനായും വേഗത്തില്‍ ഭക്ഷിക്കുന്നവനായും ക്രൂരനായും മുറിവോ വൃണമോ ഉള്ള ശരീരത്തോടുകൂടിയവനായും ഭവിക്കും.

ഇടവലഗ്നം :-
  ഇടവലഗ്നത്തില്‍ ജനിക്കുന്നവര്‍, ത്യാഗിയായും ക്ലേശങ്ങളെ സഹിക്കുന്നവനായും ക്ഷമയുള്ളവനായും വിസ്താരമായ മുഖവും ഊരുപ്രദേശവും ഉള്ളവനായും കൃഷിഭൂമിയും വസ്തുക്കളും ഉള്ളവനായും ദേവന്മാരെയും ഗുരുക്കന്മാരേയും പൂജിക്കുന്നവനായും ജീവിതകാലത്തിന്റെ മദ്ധ്യത്തിലും അന്ത്യത്തിലും സുഖം അനുഭവിക്കുന്നവനായും വിദ്വാനായും ശാസ്ത്രീയവാദങ്ങളില്‍ തല്‍പരനായും സുന്ദരനായും പുറകില്‍ ഒരു ഭാഗത്ത് അടയാളത്തോടുകൂടിയവനായും സ്ത്രീപ്രജകള്‍ ഏറിയും പുരുഷസന്താനങ്ങള്‍ കുറഞ്ഞും ഇരിക്കുന്നവനായും ഭവിക്കും.

മിഥുനലഗ്നം :-
  മിഥുനലഗ്നത്തില്‍ ജനിക്കുന്നവര്‍, സ്ത്രീസക്തനായും, വെള്ളകണ്ണനായും അന്യഹൃദയത്തെ അറിയുന്നവനായും അഭിജ്ഞനായും നല്ല ബന്ധുക്കളോടുകൂടിയവനായും തത്വജ്ഞാനിയായും ഗുണവാനായും ചുരുണ്ട തലമുടിയോടുകൂടിയവനായും നീളമുള്ള മൂക്കോടുകൂടിയവനായും വിദ്വാനായും ശ്രീമാനായും ദയാലുവായും സുന്ദരനായും നൃത്തഗീതങ്ങളില്‍ താല്‍പര്യമുള്ളവനായും യോഗാഭ്യാസിയായും സജ്ജനസമ്മതനായും ഭവിക്കും.

കര്‍ക്കിടകലഗ്നം :-
  കര്‍ക്കിടകലഗ്നത്തില്‍ ജനിക്കുന്നവര്‍, ഹ്രസ്വകായനായും തടിച്ച കണ്ഠപ്രദേശത്തോടുകൂടിയവനായും ധനവാനായും അന്യഗൃഹവും അന്യധനവും ലഭിക്കുന്നവനായും ബന്ധുക്കളോടും ധാരണാബുദ്ധിയോടും കൂടിയവനായും സ്ത്രീജിതനായും ജലക്രീഡയില്‍ തല്‍പരനായും തടിച്ച ശരീരത്തോടുകൂടിയവനായും ധര്‍മ്മനിഷ്ഠനായും മൃഷ്ടാന്നഭോജനവും ഉത്തമവസ്ത്രാഭരണാദികളും ഉള്ളവനായും തടിച്ചിരിക്കുന്ന കടി (ശരീരത്തിലെ അരകെട്ട്) പ്രദേശത്തോടുകൂടിയവനായും അല്‍പപുത്രന്മാര്‍ മാത്രം ഉള്ളവനായും ഒരു വശം ചരിഞ്ഞു വളവോടുകൂടി വേഗത്തില്‍ നടക്കുന്നവനായും ഭവിക്കും.

ചിങ്ങലഗ്നം :-
 ചിങ്ങം ലഗ്നത്തില്‍ ജനിക്കുന്നവര്‍, പിംഗലവര്‍ണ്ണമുള്ള കണ്ണുകളോടുകൂടിയവനായും പുത്രന്മാര്‍ കുറഞ്ഞവനായും ശത്രുക്കളെ ജയിക്കുന്നവനായും അഭിമാനിയായും രാജവംശത്തെ (സര്‍ക്കാരിനെ) ആശ്രയിക്കുന്നവനായും ശൂരനായും ഏറ്റവും സ്ഥിരചിത്തനായും വിശാലമായ മുഖത്തോടുകൂടിയവനായും ഹിംസാശീലവും മാംസത്തില്‍ പ്രിയവും വനങ്ങളിലും പര്‍വ്വതങ്ങളിലും സഞ്ചരിക്കുന്നതില്‍ താല്‍പര്യവും വിശപ്പും ദാഹവും ആധിക്യമുള്ളവനായും വൃഥാ കോപിക്കുന്നവനായും ത്യാഗിയായും മാതാവിന്റെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുന്നവനായും ഭവിക്കും. പരിചയമില്ലാത്തവരുടെ അടുത്ത് ചെന്നാല്‍ പാവത്താനെപോലെ പെരുമാറുകയും പരിചയപ്പെട്ടുകഴിഞ്ഞാല്‍ അവരുടെ മുന്നില്‍ സാമര്‍ത്ഥ്യം കാണിക്കുകയും ചെയ്യും.

കന്നിലഗ്നം :-
  കന്നിലഗ്നത്തില്‍ ജനിക്കുന്നവര്‍, ഏറ്റവും സ്ത്രീസക്തനായും പ്രവര്‍ത്തികളില്‍ സാമര്‍ത്ഥ്യം ഉള്ളവനായും ചുമലും കൈകളും താണിരിക്കുന്നവനായും പരദ്രവ്യവും പരഭവനവും ലഭിക്കുന്നവനായും ലജ്ജകൊണ്ട് അലസങ്ങളായ കണ്ണുകളോടുകൂടിയവനായും വിദ്വാനായും ശ്രീമാനായും ബന്ധുക്കളില്‍ താല്‍പര്യമുള്ളവനായും ഇഷ്ടമായ വാക്കുകളെ പറയുവാന്‍ സാമര്‍ത്ഥ്യം ഉള്ളവനായും ശാസ്ത്രാര്‍ത്ഥങ്ങളെ അറിയുന്നവനായും, സ്ത്രീപ്രജകള്‍ ഏറിയും പുരുഷസന്താനങ്ങള്‍ കുറഞ്ഞും ഇരിക്കുന്നവനായും സാത്വികനായും സുഖിയായും ഭവിക്കും.

തുലാം ലഗ്നം :-
  തുലാം ലഗ്നത്തില്‍ ജനിക്കുന്നവര്‍, ദേവന്മാരെയും സജ്ജനങ്ങളേയും ഗുരുജനങ്ങളേയും പൂജിക്കുന്നവനായും വിദ്വാനായും വ്യവഹാരപ്രിയനായും ചഞ്ചലഹൃദയത്തോടുകൂടിയവനായും സ്ത്രീജനകാമകേളികളില്‍ സാമര്‍ത്ഥ്യം ഉള്ളവനായും ഭംഗിയുള്ള കണ്ണുകളോടുകൂടിയവനായും രാജപ്രിയനായും സഞ്ചാരിയായും പുത്രന്മാര്‍ കുറഞ്ഞവനായും രണ്ടു പേരുകള്‍ (Name) ഉള്ളവനായും ക്രയവിക്രയങ്ങളില്‍ സാമര്‍ത്ഥ്യം ഉള്ളവനായും, ഭയചഞ്ചലനായും സമാധാനശീലമുള്ളവനായും ചടച്ചു നീണ്ട ശരീരത്തോടുകൂടിയവനായും ഭവിക്കും.

വൃശ്ചികലഗ്നം :-
    വൃശ്ചികലഗ്നത്തില്‍ ജനിക്കുന്നവര്‍, മൂര്‍ഖനായും വളരെ ചാപല്യമുള്ളവനായും മാനിയായും ധനികനായും സജ്ജനങ്ങളെ ദ്വേഷിക്കുന്നവനായും വിശാലവും ക്രൂരവുമായ കണ്ണുകളോടുകൂടിയവനായും രാജസേവകനായും പാപങ്ങളെ മറയ്ക്കുന്നവനായും ദുഷ്ടനായും ബാല്യത്തില്‍ രോഗിയായും പിതാവിന്റെ അല്ലെങ്കില്‍ ഗുരുജനങ്ങളെ വേര്‍പ്പെട്ടവനായും തുടയും കണങ്കാലും തടിച്ചിരിക്കുന്നവനായും കൈകാലുകളില്‍ താമരരേഖയുള്ളവനായും തീഷ്ണബുദ്ധിയായും ക്രൂരകര്‍മ്മങ്ങളെ ചെയ്യുന്നവനായും ഭവിക്കും.

ധനുലഗ്നം :-
  ധനുലഗ്നത്തില്‍ ജനിക്കുന്നവര്‍, ഐശ്വര്യവും വിദ്യയും സമ്പത്തും യശസ്സും ഉള്ളവനായും കഴുത്തും മുഖവും നീണ്ടിരിക്കുന്നവനായും കൂനുള്ളവനായും രാജപ്രിയനായും ശത്രുക്കളെ ജയിക്കുന്നവനായും സാമോപായം കൊണ്ട് വശപ്പെടുന്നവനായും ബാലവാനായും വിദ്വാനായും കര്‍മ്മങ്ങളില്‍ സാമര്‍ത്ഥ്യം ഉള്ളവനായും വലിയ ചെവികളും മൂക്കും ഉള്ളവനായും ഏറ്റവും പ്രതിഭാശാലിയായും പിതൃസ്വത്ത് ലഭിക്കുന്നവനായും പ്രസിദ്ധനായും അനേകം ഗുണങ്ങളുള്ളവനായും ഭവിക്കും.

മകരലഗ്നം :-
  മകരലഗ്നത്തില്‍ ജനിക്കുന്നവര്‍, ദീനവാക്കായും സ്വാത്വികനായും കൃശമായ ശരീരാധഃപ്രദേശത്തോടുകൂടിയവനായും മടിയനായും ആഗമ്യകളും വൃദ്ധകളുമായ സ്ത്രീകളില്‍ താല്‍പര്യമുള്ളവനായും, ദുഃഖിയായും ഉപജീവനാര്‍ത്ഥം ജടാവല്‍ക്കലാദികളെ ധരിക്കുന്നവനായും ശഠപ്രകൃതിയായും വാതപീഡിതനായും ഭാഗ്യവാനായും ഭവിക്കും.


കുംഭലഗ്നം :-
    കുംഭലഗ്നത്തില്‍ ജനിക്കുന്നവര്‍, പിശുക്ക് പരസ്ത്രീസക്തി ദാരിദ്രം ഹിംസാശീലം വൃഥാ സഞ്ചാരം ദുഃഖം കോപം ഇതുകളോടുകൂടിയവനായും പാപങ്ങളെ മറച്ചുവയ്ക്കുന്നവനായും കുടംപോലുള്ള ശരീരത്തോടുകൂടിയവനായും സുഗന്ധദ്രവ്യങ്ങളില്‍ പ്രിയവും നിര്‍ദ്ദയത്വവും ലജ്ജയില്ലായ്മയും ഉള്ളവനായും ഭവിക്കും.

മീനലഗ്നം :-
    മീനലഗ്നത്തില്‍ ജനിക്കുന്നവര്‍, തേജസ്സ് യശസ്സ് വിഭവങ്ങള്‍ ധാന്യസമൃദ്ധി ധനസമൃദ്ധി വിദ്യ സൗന്ദര്യം ഇതുകളോടുകൂടിയവനായും ഇഷ്ടബന്ധുക്കളോടുകൂടിയവനായും വളരെ വെള്ളം കുടിക്കുന്നവനായും നല്ല കണ്ണുകളോടുകൂടിയവനായും തന്റെ ഭാര്യയില്‍ വളരെ സ്നേഹമുള്ളവനായും ജലജങ്ങളായ ദ്രവ്യങ്ങളെ ലഭിക്കുന്നവനായും പുണ്യകര്‍മ്മങ്ങളെ ചെയ്യുന്നവനായും കൃതജ്ഞത ഉള്ളവനായും ഭവിക്കും.

 ജാതകത്തിലെ ഗ്രഹക്ഷേത്രഫലങ്ങള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക.ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.